Tuesday, December 20, 2016

കണ്ണാ



നോവുമായെത്തി ഞാന്‍ നിന്നരികേ

നിന്‍ നോവുതെല്ലുമറിഞ്ഞിടാതേ

നോവിലും പുഞ്ചിരിച്ചീടുന്ന നിന്നുണ്മ

തെല്ലുപോലും ഞാനറിഞ്ഞിടാതെ



കാരാഗൃഹത്തില്‍ പിറന്നു പിന്നെ

മാതാപിതാക്കളെ വിട്ടകന്നു

ജീവനാപത്തുമായല്ലെ നീയും

പാരില്‍ കഴിച്ചു നിന്‍ ബാല്യകാലം



സ്നേഹിച്ച പെണ്ണിനെ വിട്ടു പിന്നെ

പോറ്റി വളര്‍ത്തിയ അമ്മയേയും

നിത്യം രിപുക്കളോടേറ്റുമുട്ടി-

ത്തന്നെ കഴിച്ചു നിന്‍ യൌവ്വനവും



എന്തെന്തപവാദം കേട്ടു, കഷ്ടം

രാജസൂയത്തിന്റെ വേദിയിലും

രത്നത്തെ മോഷ്ടിച്ചുവെന്നു ചൊല്ലി

സത്യാനേഷണവും നിന്റെ മേലെ



കുരുവംശനാശത്തില്‍ പഴിയുമയ്യോ

നിന്‍ പേരിലെങ്ങിനെ വന്നു കൃഷ്ണാ

ഇത്രപഴികളും നോവുമേറ്റിട്ടും

മന്ദഹസിപ്പതു നീയെങ്ങിനെ ?



വാഴ്വിലെ നോവിലും തേങ്ങാതെയെങ്ങിനെ

കാലം കഴിച്ചു നീ ചൊല്ലു കണ്ണാ

ഗീതോപദേശമായ് നിന്‍  വഴി കാണാ-

നാകാതെ വന്നതുമെന്തെ കണ്ണാ

No comments:

Post a Comment